കാണാന്‍ വേണ്ടി കാത്തിരുന്ന ഒരു സിനിമയായിരുന്നു
"കേരള കെഫെ". സി. വി. ശ്രീരാമന്റെ "പുറം കാഴ്ചകള്‍" ലാല്‍ ജോസിന്റെ
സംവിധാനത്തില്‍ പുറത്തിറങ്ങുന്നു, രഞ്ജിത്തിന്റെ പരീക്ഷണാടിസ്ഥാനത്തില്‍
പുറത്തിറങ്ങുന്ന ഒരു സിനിമ, ഇതൊക്കെയായിരുന്നു കേരള കെഫെ കാണാന്‍
തീരുമാനിച്ചതിന്റെ കാരണങ്ങള്‍. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഹാപ്പി ജേണിയും,
അതിന്റെ സംവിധായികയും മനസ്സിലുണ്ടാക്കിയ "ഇംപാക്റ്റ്" വലുതായിരുന്നു.
രാത്രി യാത്രകളിലും, ദൂര യാത്രകളിലും "തോണ്ടല്‍ക്കാരെ" ഭയന്ന്
യാത്ര ചെയ്യാന്‍ വെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു, പുറമേ ധൈര്യ
ശാലിയായി ഭാവിക്കുന്ന ഈ ലേഖനത്തിന്റെ ഉടമസ്ഥക്ക്! :-) "ഇവന്മാരൊക്കെ
ഇത്രക്കെ ഉള്ളൂ" എന്ന് ആദ്യമായി തോന്നിയത് ഹാപ്പി ജേണി കണ്ടപ്പോഴാണ്.
ഒരാഴ്ച മുമ്പ് സ്പിരിറ്റ് എന്ന സിനിമ കാണാന്‍ സുഹൃത്ത് സിമിയോടൊപ്പം
പോയപ്പോള്‍ തൊട്ടടുത്തിരുന്ന "മുട്ടല്‍ വിദഗ്ദ്ധനെ" ഇന്റെര്‍വല്‍ സമയത്ത്
ഒന്ന് നോക്കി പേടിപ്പിക്കാന്‍ ധൈര്യം വന്നത് "ഇവന്മാരൊക്കെ ഇത്രക്കെ ഉള്ളൂ"
എന്ന് മനസ്സില്‍ വിശ്വസിക്കാന്‍ തുടങ്ങിയത് കൊണ്ടാണ്.
ബ്ലോഗ് എഴുതി തുടങ്ങിയ കാലമായിരുന്നു അത്. അങ്ങനെയാണ് അഞ്ജലി
മേനോന്റെ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്. എല്ലാ പോസ്റ്റുകളും
വായിക്കുമായിരുന്നു. വളരെ "ഇന്റെറാക്ട്ടീവ്" ആയിരുന്ന അഞ്ജലിയുടെ ശ്രദ്ധ
പിടിച്ചു പറ്റാന്‍ വേണ്ടി മാത്രം കമന്റ് ഇട്ടിരുന്നു പലപ്പോഴും. ;)
"മഞ്ചാടിക്കുരു" വിന്റെ റിലീസിനെ കുറിച്ചുള്ള ബ്ലോഗേഴ്സ്ന്റെ
ചോദ്യങ്ങള്‍ക്ക് അഞ്ജലി മേനോന്‍ അന്നൊക്കെ മൌനം ഉത്തരമായി കരുതിയിരുന്നു.
കോഴിക്കോട് ബീച്ചിലെ "ഉസ്താദ് ഹോട്ടല്‍" ന്റെ സെറ്റിലെ ഒരു ഫോട്ടോ അഞ്ജലി
മേനോന്‍ ഒരിക്കല്‍ ബ്ലോഗില്‍ ഇട്ടിരുന്നു. ആ ആഴ്ച ഞാന്‍ കോഴിക്കോട്
ഉണ്ടായിരുന്നു. ബീച്ചില്‍ പോയി ആ സെറ്റ് കാണാന്‍ ഒരു ശ്രമം നടത്തി. കാണാന്‍
പറ്റിയില്ല. :( തിരിച്ച് വന്ന് അച്ഛനോട് പരിഭവം പറഞ്ഞു. "ഒരു കുട്ടീടെ
അമ്മയായി! നിനക്കിപ്പോഴും ഇങ്ങനത്തെ കുട്ടിക്കളികളൊക്കെ മാറ്റാറായില്ലേ ?
അച്ഛന്‍ കളിയാക്കി.
"കുട്ടിക്കളിയല്ല അച്ഛാ. ഞാനൊരു അഞ്ജലി മേനോന്‍ ഫാന്‍ ആയതാ...എന്ത് മുടിഞ്ഞ ഗ്ലാമര്‍ ആന്നറിയോ അവര്‍ക്ക്. അപാര ടാലെന്റും!"
മഞ്ചാടിക്കുരുവിന്റെ
റിലീസിനെ കുറിച്ച് അഞ്ജലി മേനോന്റെ ഫേസ് ബുക്ക് അപ്ഡേറ്റ് ഇല്‍ നിന്നാണ്
അറിയുന്നത്. സഹോദരന്റെ വിവാഹ തിരക്കുകള്‍ക്കി ടയില്‍ സിനിമ കാണാന്‍
പറ്റാതെ പോകുമോ എന്നൊരു സങ്കടം ഉണ്ടായിരുന്നു . അഞ്ജലിയുടെ ഫേസ്
ബുക്ക് അപ്ഡേറ്റ്കള്‍ക്ക് നന്ദി. എവിടെ എന്ന് റിലീസ് ആകുന്നു.
എല്ലാം കൃത്യമായി അഞ്ജലി അപ്ഡേറ്റ് ചെയ്തത് കൊണ്ട്, സിനിമ കാണാന്‍ പറ്റി.
എണ്‍പതുകളില്‍ ബാല്യം കേരളത്തില്‍ ചിലവഴിച്ച എന്റെ തലമുറയുടെ കുട്ടിക്കാലത്തെ ഓര്‍മകളെ ലോലമായി തൊട്ടുണര്‍ത്തുന്ന ഒരു സിനിമയാണ് മഞ്ചാടിക്കുരു. എന്റെ ബാല്യത്തിനൊപ്പം കണ്ണനിലൂടെയും, മണിക്കുട്ടിയിലൂടെയും, എന്റെ സുഹൃത്തുക്കള്‍ പ്രമിത്തിന്റെയും കുഞ്ഞുള്ളിയുടെയും ബാല്യം ഞാന്‍ വീണ്ടും കണ്ടു. "ഏട്ടാ..." എന്നുള്ള മണിക്കുട്ടിയുടെ നിഷ്കളങ്കമായ വിളിയും, പൊതുവേ ശാന്തയായ അവളുടെ "എന്റെ ഏട്ടന്‍ കള്ളനല്ല" എന്നുള്ള ശക്തമായ വാദവും, സൂപ്പര്‍മാന്‍ കോമിക്സ്നെ സ്നേഹിക്കുന്ന കണ്ണനും രണ്ട് മൂന്നു ദിവസം മനസ്സില്‍ നിന്നു.
അഞ്ജലി മേനോന്‍ എന്ന സംവിധായകയെ കുറിച്ച് ചിലതെങ്കിലും പറയാതെ പോകാന്‍ വയ്യ.
ഞാന്‍
ആ നാട്ടിലല്ല ജനിച്ചത്, വളര്‍ന്നതും അവിടെയല്ല. എങ്കിലും നാടേതെന്നു
ചോദിക്കുമ്പോള്‍ കേരളത്തില്‍ ഒളിച്ചിരിക്കുന്ന ആ കൊച്ചു ഗ്രാമത്തിന്റെ
പേരാണ് ഞാന്‍ പറയാറ്. ഇവിടെ തുടങ്ങുന്നു തന്റെ "ടാര്‍ഗെറ്റട് ഓഡിയന്‍സ്" നെ
ആകര്‍ഷിക്കാനുള്ള അഞ്ജലിയുടെ ശ്രമം. അഞ്ജലി മേനോന്റെ "ഫോക്കസ്" ആണ് അവരുടെ
എടുത്തു പറയേണ്ട സവിശേഷത. മൂന്നോ നാലോ വര്‍ഷം മുമ്പ് ചിത്രീകരണം കഴിഞ്ഞ
ഒരു സിനിമ. ഫെസ്ടിവലുകളില്‍ കയ്യടിയും പുരസ്കാരങ്ങളും നേടി. മൂന്നോ നാലോ
വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ എത്തിക്കുമ്പോള്‍,
അഞ്ജലി മേനോന്‍ ഇതേ സിനിമക്ക് വേണ്ടി ഇനിയും ബാക്കി വച്ച ശുഷ്കാന്തിയും
പ്രസരിപ്പും അതിശയിപ്പിക്കുന്നതാണ്. എന്താണ് പറയാനുദ്ദേശിക്കുന്നത്
എന്നത് അഞ്ജലിക്ക് കൃത്യമായി അറിയാം. അത് ആരിലാണ് എത്തേണ്ടത് എന്നും
അറിയാം. അവരിലെത്താനുള്ള ദൂരം എത്രയാണെന്നും, ആ ദൂരം എങ്ങനെ താണ്ടാമെന്നും
അഞ്ജലിക്ക് അറിയാം. അടികള്‍ പതറാതെ അവര്‍ ആ ദൂരം താണ്ടിയെത്തിയതിന്റെ
ഫലമാണ് മഞ്ചാടിക്കുരുവിന്റെ വിജയം. സാങ്കേതികതയും, സര്‍ഗ്ഗാത്മകതയും
സമന്വയിപ്പിച്ച് സ്വന്തം സിനിമയെ വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഒരു
ജീനിയസ് തന്നെയാണ് അഞ്ജലി. "അഞ്ജലി മേനോന്‍" എന്ന പേര് സ്ക്രീനില്‍
തെളിയുമ്പോള്‍, തീയ്യറ്ററില്‍ ഉയര്‍ന്ന കൈയ്യടികള്‍ അവരുടെ കഴിവിനും,
കഠിനാധ്വാനതിനും ലഭിച്ച അംഗീകാരമാണ്. താന്‍ ലക്‌ഷ്യം വച്ചിരുന്ന
പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് അഞ്ജലി മേനോന്‍ എന്ന സംവിധായികയ്ക്ക് ഇറങ്ങി
ചെല്ലാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവുമാണത്.
"ഹാപ്പി ജേണി" യിലൂടെ നമുക്ക് വളരെ സോഫിസ്ററിക്കേറ്റട് ആയ ഒരു കഥാപാത്രത്തെ തന്ന അഞ്ജലി മേനോന്‍ തന്നെയാണോ കൌസ്തുഭത്തിലെ അന്തേവാസികളെ നമുക്ക് മുമ്പില്‍ അവതരിപ്പിച്ചതെന്നും അതിശയം തോന്നി. അത് തന്നെയാണ് അഞ്ജലിയുടെ സവിശേഷതയുമെന്നു തോന്നുന്നു. മുംബൈ നഗരത്തിന്റെ സന്തതിയായി ജീവിക്കുമ്പോഴും, മലയാളത്തിന്റെ നന്മയും, ലാളിത്യവും, അഞ്ജലി മുറുകെ പിടിക്കുന്നു.
മഞ്ചാടിക്കുരുവിനെ കുറിച്ച് കേട്ടു തുടങ്ങിയ നാള്‍ മുതല്‍
ഞാന്‍ ആ ചിത്രത്തെ കുറിച്ച് മനസ്സില്‍ കുറിച്ചിട്ട വാക്കുകള്‍ "ഒരു
സോഫ്റ്റ് നോസ്ട്ടാല്‍ജിക് മൂവി" എന്നതാണ്. ഇപ്പോള്‍ തോന്നുന്നു അങ്ങനെ
വിവരിച്ചാല്‍ അതൊരു താഴ്ത്തിക്കെട്ടലായിരിക്കുമെന് ന്. ക്ലൈമാക്സില്‍
പറയാതെ പറഞ്ഞ ഒരു കഥയുണ്ട്. വിശദീകരിക്കാതെ വിശദീകരിച്ച ഒരു ഒരു
വേദനയുണ്ട്. വിക്കിയുടെ ശബ്ദത്തിലൂടെയും, റോജയെ അവതരിപ്പിച്ച വൈജയന്തിയുടെ
കണ്ണുകളിലൂടെയും അവതരിപ്പിച്ച ഒരു കഥ. ഒരു ക്രൂരമായ സത്യം.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ലൈംഗീക പീഡനത്തിനിരയാവുന്ന ഒരു
സമകാലിക പ്രശ്നത്തെ ചുരുങ്ങിയ വാക്കുകളിലൂടെ ശക്തമായി അവതരിപ്പിച്ച ഒരു കഥ.
(രക്തവര്‍ണ്ണമുള്ള മഞ്ചാടിക്കുരുവിന്റെ പേര് ഈ സിനിമയ്ക്ക് നല്‍കുമ്പോള്‍
അഞ്ജലി മേനോന്‍ ഈ വിഷയം കൂടി മനസ്സില്‍ കണ്ടിരുന്നോ എന്നറിയില്ല.)
സൂപ്പര്‍ താര ബഹളങ്ങളും, സിരകളില്‍ രക്തയോട്ടം കൂട്ടുന്ന രംഗങ്ങളും
ഒന്നുമില്ലാതിരുന്നിട്ടും, തീയ്യറ്ററില്‍ ആളെ കയറ്റിയ, കയ്യടി വാങ്ങിച്ച
മഞ്ചാടിക്കുരുവിനെ കുറിച്ച് ഇങ്ങനെ പറയാം:
"എണ്പതുകളുടെ പശ്ചാലത്തില്‍ കാലിക പ്രസക്തിയുള്ളതും ശക്തമായതുമായ ഒരു പ്രമേയത്തെ, പതിഞ്ഞതെങ്കിലും ദൃഡമായ സ്വരത്തില്‍ അവതരിപ്പിച്ച ഒരു സിനിമ."
അമരസ്ഥാനത്ത് നിന്ന് പ്രേക്ഷകരോട് നേരിട്ട് സംവദിച്ച്, അര്‍ഹിക്കുന്ന വിജയം നേടിയെടുത്ത അഞ്ജലിയുടെ സിനിമക്കുള്ള അംഗീകാരമാണ് തീയ്യറ്ററില്‍ കാണാന്‍ കഴിഞ്ഞത്. സിനിമയിലെ രാഷ്ട്രീയത്തെയൊക്കെ മറ്റൊരു തലത്തില്‍ കണ്ടു കൊണ്ട് കഴിവുള്ളവരെ ഒന്നിപ്പിക്കാന്‍ അഞ്ജലി നടത്തിയ ശ്രമം പോലും പ്രേക്ഷകര്‍ കണ്ടറിഞ്ഞതായി തോന്നി. പ്രിഥ്വിരാജും, ജഗതി ശ്രീകുമാറും, തിലകനും, മുരളിയുമൊക്കെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചത് അതിശമായി തോന്നിയതേ ഇല്ല.
പ്രിയ സംവിധായിക സ്ക്രിപ്റ്റ് റൈറ്റര്‍ ആവുന്ന സിനിമ ഇപ്പോള്‍ തീയ്യറ്ററുകളില്‍ എത്തിയിരിക്കുന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന "ഉസ്താദ് ഹോട്ടല്‍" പ്രേക്ഷകര്‍ക്ക് മറ്റൊരു പുതിയ അനുഭവമാവട്ടെ.
3 comments:
നല്ല പരിചയപ്പെടുത്തൽ കേട്ടൊ പ്യാരി
വായിപ്പിക്കുന്ന ഒരു ശൈലി ആണല്ലോ...
കേരളകഫെയിൽ എന്നെ ഏറ്റവും ആകർഷിച്ചതും മൂന്നാലുതവണ കണ്ടതുമായ പടമായിരുന്നു ഹാപ്പി ജേർണി.
എഴുത്ത് മനോഹരം, തുടരുക ....
Post a Comment