മോര്‍ണിംഗ് ബെല്‍ ന്യൂസിനായി എഴുതിയത്.
മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ തീരുമാനിച്ചത് എന്റെ മറു പകുതിയുടെ അഭിരുചിക്കനുസരിച്ചാണ്. കോമഡിയും, ദിലീപും ഒക്കെ അങ്ങേരുടെ ഒരു വീക്നെസ് ആണ്.
ദിലീപ് ഷാഫി കൂട്ടുകെട്ടിന്റെതാണ് "കല്യാണ രാമന്‍ " എന്നറിഞ്ഞപ്പോള്‍ ധൈര്യമായി കാണാന്‍ തീരുമാനിച്ചു. പിന്നെ 3 പ്രാവശ്യം തീയ്യറ്ററില്‍ തന്നെ കണ്ട ചോക്ലേറ്റ് ഉം ഷാഫിയുടെ ചിത്രമായിരുന്നല്ലോ? ഷാഫിയുടെ തന്നെ ചിത്രങ്ങളായിരുന്നു പുലിവാല്‍ക്കല്ല്യാണം, വണ്‍മാന്‍ഷോ തുടങ്ങിയ ചിത്രങ്ങള്‍ എന്ന് "കുഞ്ഞാട്" കാണാന്‍ തീരുമാനിച്ചപ്പോള്‍ ഭാഗ്യത്തിന് അറിഞ്ഞിരുന്നില്ല. സ്വന്തം ചിത്രങ്ങളായ വണ്‍മാന്‍ഷോ, പുലിവാല്‍ക്കല്ല്യാണം എന്ന ചിത്രങ്ങളെക്കാള്‍ നിലവാര പുലര്‍ത്തിയതും, എന്നാല്‍ "കല്യാണ രാമന്‍ ", "ചോക്ലേറ്റ്" തുടങ്ങിയ ചിത്രങ്ങളെക്കാള്‍ നിലവാരം കുറഞ്ഞതുമായ ഒരു ചിത്രമാണ് "കുഞ്ഞാട്" എന്ന് വേണമെങ്കില്‍ പറയാം.
ഒറ്റ വാക്ക്യത്തില്‍ വിവരിച്ചാല്‍ "ഒരു (എബവ്) ആവറേജ് ടൈം പാസ് കോമഡി ചിത്രം" എന്ന് വിശേഷിപ്പിക്കാം. സംവിധായകന്‍ എന്ന നിലയില്‍ തുടങ്ങിയിടത്ത് തന്നെയാണോ ഷാഫി ഇപ്പോഴും നില്‍ക്കുന്നത് എന്ന് തോന്നി. :( വിനായ പ്രസാദിനെ മണിചിത്രത്താഴിന് ശേഷം ആദ്യമായിട്ടാണ് വലിയ സ്ക്രീനില്‍ ഒരു റോളില്‍ ശ്രദ്ധിക്കുന്നത്. ദിലീപ് സൂപ്പര്‍ താര പദവി വേണ്ടെന്നു വച്ചോ? വേഷ വിധാനങ്ങളിലും, ആകാരത്തിലും ഒക്കെ ഒരു സാധാരണ ദിലീപിനെ മാത്രമാണ് ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുന്നത്. എങ്കിലും ദിലീപിന്റെ സ്ഥിരം നായികമാരില്‍ ഒരാളായ ഭാവന നാട്ടിന്‍ പുറത്ത്കാരിയെങ്കിലും ഒരു ഇടവക പ്രമാണിയുടെ മകള്‍ തന്നെ! ഇന്നസെന്റും, വിജയരാഘവനും, ഷാഫി ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകമായ സലിം കുമാറും തങ്ങളുടെ വേഷങ്ങളെ ശ്രദ്ധേയമാക്കി. എടുത്തു പറയേണ്ടത് ബിജു മേനോന്റെ റോള്‍ ആണ്. ഇടവേളകളില്‍ കിട്ടുന്ന റോളുകള്‍ എല്ലായിപ്പോഴത്തെയും പോലെ ആ നടന്‍ ഭംഗിയാക്കുക തന്നെ ചെയ്തു.
കണ്ട് പഴകിയ തമാശകളില്‍ നിന്നു വ്യത്യസ്തമായി പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ ഈ ചിത്രത്തിലും മിക്കവാറും ഷാഫി ചിത്രങ്ങളിലുമെന്ന പോലെ ഈ ചിത്രത്തിലുമുണ്ട്. നീട്ടിവലിച്ചു പഴയ പല്ലവി തന്നെ ചൊല്ലുന്ന ഒരു ക്ലൈമാക്സ് ബിജു മേനോന്റെ കഥാപാത്രത്തിന് നല്‍കാതെ പോയത് ഒരു നല്ല കാര്യം. ക്ലൈമാക്സ് തുടങ്ങിയത് സിനിമ അവസാനിപ്പിക്കാന്‍ വേണ്ടിയാണോ എന്ന് എപ്പോഴോ തോന്നി പോയി. എവിടെയൊക്കെയോ ഒരു മിസ്മാച്. തന്റെ സിനിമകളുടെ ഒരു സ്ഥിരം സാനിധ്യമായ സലിം കുമാറിന് അഭിനയ സാധ്യത ഉള്ള ഒരു വേഷം കൊടുക്കാന്‍ വേണ്ടിയാണോ ക്ലൈമാക്സിനു മുമ്പില്‍ ഒരു ട്രാജഡി കഥ അവതരിപ്പിച്ചതെന്നറിയില്ല. അതും പക്ഷെ അനാവശ്യമായിരുന്നു. മനസ്സില്‍ തട്ടാതെ പോയ ഒരു ട്രാജഡി സീന്‍ ആയിരുന്നു അതും!
ധൈര്യമില്ലാത്ത ഒരു നായകന്‍റെ കഥ ഇനിയും കൂടുതല്‍ നന്നാക്കാമായിരുന്നു. ഇന്നച്ചന്റെയും, വിനായ പ്രസാദിന്റെയും പഴയ കഥ പോലും അങ്ങനെ തന്നെ തോന്നിപ്പിച്ചു. പൊട്ടിച്ചിരിക്കാന്‍ സാധ്യത എന്ത് കൊണ്ടും ഉള്ള ഒരു പഴങ്കഥ തന്നെയായിരുന്നു അതും. പക്ഷെ, തീയ്യറ്ററില്‍ അധികം ചിരി ഉയര്‍ന്നു കേട്ടില്ല. എന്തായാലും, ഒരാഴ്ചക്ക് ശേഷവും ഹൌസ് ഫുള്‍ ആയി ഓടിയ ചിത്രം കൂടുതല്‍ വിശകലനങ്ങളൊന്നുമില്ലാതെ കാണാന്‍ പറ്റിയ ഒരു ചിത്രമാണ് എന്ന് പറയാമെന്നു തോന്നുന്നു.
3 comments:
രണ്ടാഴ്ച്ചകഴിഞ്ഞ് ഇവിടെ തീയറ്ററീൽ വരുമ്പോൾ കാണന്നമെന്ന് കരുതിയിരിക്കുകയാണ് ഈ കുഞ്ഞാടിനെ ,അതിന് മുമ്പ് ഈ വിശകലനം കിട്ടിയത് നന്നയി..
പിന്നെ പ്യാരിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
മുരളി ചേട്ടാ.. Thnq!
:)
Post a Comment