ബംഗ്ലൂര്‍ നഗരത്തില്‍ അന്ന് ഷോപ്പിംഗ് മാളുകള്‍ ഇല്ല. ബ്രിഗേഡു റോഡും, എം. ജി. റോഡും ഒക്കെ ആയിരുന്നു അന്നത്തെ "ഹാപ്പെനിംഗ് പ്ലെയ്സസ്"! പി. ജി. കോഴ്സിന്റെ ഭാഗമായി പ്രൊജക്റ്റ് ചെയ്യാന്‍ ഈ നഗരത്തില്‍ എത്തിയ നാളുകളില്‍ ഐ.ഡി. ടാഗുകള്‍ ധരിച്ച "സ്മാര്‍ട്ട് യൂത്തിനെ" അസൂയയോടെയാണ് നോക്കി കണ്ടത്. എം. ജി. റോഡിലുള്ള മതിലുകള്‍ ബന്ധിക്കാത്ത കോഫിഡേ യും, ബരിസ്തയുമൊക്കെ സായാഹ്നങ്ങളില്‍ ഐ. ടി. മേഖലയില്‍ ജോലി ചെയ്യുന്ന "യംഗ് ക്രൌഡ്" നെ കൊണ്ട് നിറഞ്ഞിരുന്നു. ഇവരാണ് എന്നെയും ഐ. ടി. മേഖലയുടെ ഭാഗമാവാന്‍ പ്രേരിപ്പിച്ചത്! (ഒരു പ്രോഫെഷന് തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച മാനദണ്ഡം എത്ര ബാലിശമായി പോയിയെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട്!)
കുടുംബ ജീവിതത്തിനു സമയം കണ്ടെത്താന്‍ കഴിയാത്തതോ, അതോ പണമല്ലാതെ മറ്റൊരു ആകര്‍ഷണവും ഈ ഇന്റസ്ട്രിയില്‍ എനിക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവോ, ജീവിതത്തില്‍ ഇനിയും നല്ലത് എന്തെങ്കിലും ചെയ്തു തീര്‍ക്കാനുണ്ടെന്ന തോന്നലോ എന്തോ, ഐ. ടി. യില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. (ചിന്താവിഷ്ടയായ ശ്യാമാലയിലെ ശ്രീനിവാസന്‍ പലവട്ടം മനസ്സില്‍ കടന്നു വന്നു ഈ തീരുമാനം എടുക്കുമ്പോള് ;)) അങ്ങനെയാണ് ഒരു കോളേജ് ലെക്ചററുടെ ഉടയാടകള്‍ അണിയുന്നത്. ജീവിതത്തില്‍ ഇന്നും റോള്‍ മോഡലുകളായി നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട അധ്യാപകര്‍ കലേശന്‍ സാറും, ആര്‍. പി. ആര്‍. സാറും മാതൃക കാണിച്ചു തന്നത് പോലെ വിദ്യാര്‍ഥി സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്ന ആദര്‍ശ വാദവുമായാണ് ഈ ജോലിയില്‍ പ്രവേശിച്ചത്.
കലേശന്‍ സാറിന്റെയും, ആര്‍. പി. ആര്‍. സാറിന്റെയും യാത്രകള്‍ അത്ര സുഗമമായിരുന്നില്ല എന്ന് മനസ്സിലാകുവാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. എന്തായാലും നിരുത്സാഹപ്പെടുത്തുന്ന ഒരു ജോലിയായിരുന്നു അധ്യാപനം എന്നൊരിക്കലും തോന്നിയില്ല. മാത്രമല്ല, നല്ലൊരളവ് വരെ "ജോബ് സാറ്റിസ്ഫാക്ഷന്‍ " തരികയും ചെയ്തു. നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രം ശ്രദ്ധ നല്‍കരുത്. ക്ലാസ്സിലെ ഏറ്റവും കഴിവ് കുറഞ്ഞ (അങ്ങനെ പറയരുത് എന്നറിയാം) കുട്ടിയെ കൂടി വിജയിപ്പിചെടുക്കാന്‍ കഴിയണം. ഇങ്ങനെ പല ആഗ്രഹങ്ങളും മനസ്സിലുണ്ട്.
അതൊരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആയിരുന്നു. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ്കല്‍ എങ്ങനെ കുട്ടികളുടെ നിലവാരത്തെ പ്രതികൂലമായും, അനുകൂലമായും ബാധിക്കും എന്നത് ഞാന്‍ ദൂരെ നിന്ന് നോക്കി കാണുകയാണ്. ഒരു ദിവസം ഡിപ്പാര്‍ട്ടുമെന്റിലെ മറ്റു അധ്യാപകരോടൊപ്പം കാന്റീനില്‍ പോയപ്പോള്‍ അവിടെ ഒരു മേശക്ക് ചുറ്റും എന്റെ ക്ലാസ്സിലെ നാല് കുട്ടികള്‍ ഇരിക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടപ്പോള്‍ ഒന്ന് പരുങ്ങുന്നതിന്റെ കാരണം പ്രത്യേകിച്ച് ആലോചിച്ചെടുക്കേണ്ടി വന്നില്ല. ആ വികൃതിക്കുട്ടന്മാരെ ക്ലാസ്സില്‍ കണ്ടിട്ട് ഒരാഴ്ചയില്‍ കൂടുതലായി. "എന്താ അഫാന്‍ ക്ലാസ്സില്‍ വരാത്തത്?" കൂട്ടത്തിലെ നേതാവിനോട് ഞാന്‍ ചോദിച്ചു.
"മാഡം, എനിക്ക് നല്ല സുഖമില്ലായിരുന്നു. ഇന്ന് തിരിച്ചു വന്നതേ ഉള്ളൂ. തിങ്കളാഴ്ച മുതല്‍ ഞാന്‍ ക്ലാസ്സില്‍ ഉണ്ടാകും."
"ഈ പിള്ളേരോടൊന്നും മിണ്ടാന്‍ പോലും പാടില്ല. അവര്‍ക്ക് നന്നാവണമെന്നു യാതൊരു ആഗ്രഹവുമില്ലാത്ത കുട്ടികളാണ്." കൂടെ ഉണ്ടായിരുന്ന എച്ച്. ഓ. ഡി. അജിത മാഡം എന്നെ ഉപദേശിച്ചു. മാഡം നല്ലൊരു അധ്യാപികയാണ്. അനുഭവ സമ്പത്തും നല്ലവണ്ണം ഉണ്ട്. അവര്‍ക്കൊരവസരം കൊടുക്കണം എന്ന് തന്നെ എന്റെ മനസ്സ് പറഞ്ഞു.
അഫാനെയും, കൂട്ടുകാരെയും പിന്നെയും ഞാന്‍ ക്ലാസ്സ് മുറിക്കകത്ത് കണ്ടില്ല - കോളേജില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാരുണ്ടെങ്കിലും!
സെമിസ്‌റ്റര്‍ തീരാറായി. കോളേജില്‍നിന്ന് യൂണിവേര്‍സിറ്റിയിലേക്ക് വിദ്യാര്‍ഥികളുടെ അറ്റന്റന്സും, മാര്‍ക്കും ഒക്കെ അയക്കേണ്ട സമയവും അടുത്തു. യൂനിവേര്‍സിറ്റി പരീക്ഷക്കിരിക്കാന്‍ ഓരോ വിദ്യാര്‍ഥിക്കും കോളേജില്‍ നിന്ന് ഓരോ വിഷയത്തിനും പതിനഞ്ചു മാര്‍ക്കും, എണ്‍പത്തിയഞ്ചു ശതമാനം അറ്റന്റന്സും കിട്ടണം. അഫാനും കൂട്ടുകാര്‍ക്കും അതിനു അര്‍ഹതയില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ക്ലാസ്സില്‍ വരാനോ, പരീക്ഷ എഴുതാനോ അവര്‍ മിനക്കെട്ടിരുന്നില്ല.ബാക്കി എല്ല്ലാ വിഷയങ്ങള്‍ക്കും അതാതു അധ്യാപകര്‍ മാര്‍ക്കും അറ്റന്റന്സും വെറുതെ ഇട്ട് കൊടുത്തപ്പോള്‍, ഞാന്‍ അതിനു തയ്യാറായില്ല. അവര്‍ക്ക് സ്വന്തം തെറ്റ് തിരിച്ചറിയാന്‍ ഉള്ള അവസരം ഞാന്‍ നിഷേധിക്കുകയാവും, അങ്ങനെ ചെയ്‌താല്‍ എന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നിന്നു. ഓഫീസിലേക്ക് അയക്കെണ്ടിയിരുന്ന ലിസ്റ്റ് അയച്ച ഉടനെ എച്ച്. ഓ. ഡി. അജിതാ മാഡത്തിന് പ്രിന്‍സിപ്പാള്‍ ഫോണ്‍ ചെയ്തു. "അജിതാ.. കുട്ടികള്‍ക്ക് അറ്റന്റന്സും, മാര്‍ക്കും ഇല്ലെങ്കില്‍ അടുത്ത വര്‍ഷം ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റില്ല. നമുക്ക് ഫീസും കിട്ടില്ല. അഫാനും, കൂട്ടുകാരും ഫൈനുമായി ഇപ്പോള്‍ അങ്ങോട്ടെത്തും. അത് വാങ്ങിച്ചു അവര്‍ക്ക് അറ്റന്റന്സും, മാര്‍ക്കും ഇട്ട് കൊടുക്കണം."
ഫോണ്‍ വച്ച ശേഷം അജിതാ മാഡം എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. കാര്യങ്ങള്‍ പറഞ്ഞ് തീരുമ്പോഴേക്കും അഫാനും, കൂട്ടുകാരും എത്തിയിരുന്നു. അഫാന്‍ അജിതാ മാഡത്തിന് നേരെ അഞ്ഞൂറിന്റെ അഞ്ചു നോട്ടുകള്‍ നീട്ടിക്കൊണ്ട് ചോദിച്ചു - "പ്രിന്‍സിപ്പാള് വിളിച്ചിരുന്നില്ലേ ". അജിതാ മാഡം കാശ് വാങ്ങിച്ച്, അഫാനും കൂട്ടുകാര്‍ക്കും അറ്റന്റന്സും, മാര്‍ക്കും ഇട്ട് കൊടുത്തു. അഫാന്‍ എന്നെ പുച്ഛത്തോടെ നോക്കി. ആ കൂട്ടത്തില്‍ സര്‍ഫ്രാസ് എന്ന് വിളിക്കുന്ന ഒരു കുട്ടി മാത്രം തല താഴ്ത്തി നില്‍ക്കുന്നത് ശ്രദ്ധിച്ചു.
ഭക്ഷണം കഴിക്കാന്‍ ഞാന്‍ പുറത്തു ഇറങ്ങിയപ്പോള്‍ അഫാനും, സര്ഫ്രാസും, പിന്നെ രണ്ടു കൂട്ടുകാരും പുറത്തു നില്‍ക്കുന്നത് കണ്ടു. ഞാന്‍ നടന്നകന്നപ്പോള്‍ സര്‍ഫ്രാസ് ഓടി വന്നു. "മാഡം സോറി. അടുത്ത തവണ ഇങ്ങനെ ഉണ്ടാവില്ല."
"സാരമില്ല" - ഞാന്‍ മന്ദഹസിച്ചു കൊണ്ട് നടന്നകന്നു. മനസ്സില്‍ അഫാനോടും കൂട്ടുകാരോടും പറഞ്ഞു - "ഒരു അധ്യാപിക എന്ന നിലയില്‍ നിങ്ങളോടുള്ള കടമ നിര്‍വഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നിങ്ങളെ വെളിച്ചത്തിലേയ്ക്കു കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുവാന്‍ എനിക്ക് കഴിഞ്ഞില്ല.മാപ്പ്."
9 comments:
കുറിപ്പ് അസ്സലായ്, ഇഷ്ടപ്പെട്ടു.
ആദ്യഭാഗത്തെ ബാംഗളൂര്‍ വര്‍ണ്ണന എവിടെയോ മനസ്സിനെ കൂട്ടിക്കൊണ്ടുപോയ്-പഴമയെ ഇഷ്ടപ്പെടുന്നതിനാലാവാം..
പുതുവത്സരാശംസകളോടെ.,.
പ്യാരിയെന്ന് കണ്ടപ്പൊ സംശയിച്ചു, കുറിപ്പ് വായിച്ചപ്പോള്‍ സംശയം മാറി :)
I liked it very much..
ബാംഗളൂരിലെ കാഴ്ചകള്‍ വായിച്ചപ്പോള്‍ അവിടെ വരാമെന്ന് ഞാന്‍ പറഞ്ഞിരുന്നു കൂടെ താമസിക്കാന്‍. പക്ഷെ യോഗം അടുത്ത് വന്നില്ല.
ഇനി അവിടെ ഒരു മെംബര്‍ കൂടി വരുന്നുണ്ടല്ലോ. അപ്പോഴാകാം അല്ലേ.?
uNNi uncle
ബാംഗളൂര്‍ വിശേഷം വായിച്ചപ്പോള്‍ നിന്റെ കൂടെ നാല് ദിവസം വന്ന് താമസിക്കാന്‍ കഴിയാതെ പോയ ദു:ഖം മനസ്സില്‍ തേങ്ങി വരുന്നു.
ഇനി അവിടെ ഒരു മെംബര്‍ കൂടി വരുന്നുണ്ടല്ലോ> അതനുസരിച്ച് കുറച്ചധികം നാള്‍ പ്ലാന്‍ ചെയ്യാമല്ലേ.
ഉണ്ണി അങ്കിള്‍
afasine pole ulla ethrayo perunde ivide.. kaashundengil enthum aavaam enna chinthayil... enigilum ningalke sarfrasine engilum velichathilotee kondu pogaam kazhinhathil santhosham...
aadya bagatheyy b'lore varnana eshttay karanam ethonnum njan kandittillallo... oru adyapikayudey roll edakku edthu anijirunnu aleyy... 500 ntey nottukal veeshan kazhiyunna kuttikal eniyum undu avarey mattan anganey arkkum kazhiyilla chechyy nyway enikkishttay...
ഇഷ്ടപ്പെട്ടു.
അദ്ധ്യാപികാറോളിലും തിളങ്ങുമെന്ന് തെളിയിച്ച്..
ബാംഗ്ലൂർ വിശേഷങ്ങളും പങ്കുവെച്ച് ..
വിശേഷത്തിനുടമയായിരിക്കുന്നവൾക്ക്(കടപ്പാട് ജയേട്ടന്റെയഭിപ്രായം)..
പുതുവർഷത്തെ വരവേൽക്കാൻ എന്റെ വക ബഹൂത്ത് പ്യാരിയായ ഒരു നവവത്സരാശംസ നേരുന്നു ...കേട്ടൊ
Post a Comment