അന്ന് ഓഫീസിലേക്കിറങ്ങാന്‍ വൈകി. ഓഫീസ് ബസ്സ് പോയത് കൊണ്ട് ഒരു വോള്‍വോയിലാണ് കയറിയത്. മടി പിടിച്ച വികൃതിക്കുട്ടികള്‍ സ്കൂളില്‍ പോകുന്ന മനോഭാവത്തോടെയാണ് ഓഫീസിലേക്കിറങ്ങിയത്. ഡ്രൈവറുടെ സീറ്റിലേക്ക് ചാരി ബസ്സിന്റെ പുറകോട്ടു തിരിഞ്ഞിരിക്കുന്ന സീറ്റിലാണ് സ്ഥാനമുറപ്പിച്ചത്. അടുത്തും അല്ലാതെയുമുള്ള ഐ. ടി. പാര്‍ക്കുകളിലിറങ്ങാനുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ബസ്സില്‍ കൂടുതലും. മറ്റ് പലരെയും പോലെ ഇനിയും തീര്‍ന്നിട്ടില്ലാത്ത ഉറക്കച്ചടമോടെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു.
ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അവിടെ നിന്നിരുന്ന ഒരു മനുഷ്യന്‍ ബസ് തട്ടി താഴെ വീഴുന്നത് കണ്ടു. അറുപതിനടുത്ത് പ്രായം തോന്നുന്നു. വളരെ മാന്യമായി വസ്ത്രധാരണം ചെയ്തിരിക്കുന്നു. കയ്യില്‍ ഒരു കുഞ്ഞു സൈക്കിള്‍. മുട്ട് കുത്തി വീണ അയാള്‍ വീഴ്ചയുടെ ആഘാതം തടയാന്‍ കൈകള്‍ കൂടി നിലത്തു കുത്തി. എങ്കിലും സൈക്കിള്‍ കൈയ്യില്‍ നിന്ന് പിടി വിട്ട് പോകാതിരിക്കാന്‍ ശ്രമിക്കുന്നതായി കണ്ടു. പക്ഷെ അത് കൈയില്‍ നിന്ന് തട്ടി മറിഞ്ഞു വീണു. എന്റെ ഹൃദയം വല്ലാതെ ഒന്ന് പിടഞ്ഞു. അയാള്‍ക്ക് സാരമായി ഒന്നും പറ്റിയില്ല. എഴുന്നേറ്റു അയാള്‍ ബസ്സില്‍ കയറി. എന്റെ സീറ്റിനു എതിരെയുള്ള സീറ്റില്‍ വന്നിരുന്നു. എന്റെ ഹൃദയത്തിന്റെ പിടച്ചില്‍ ഇനിയും മാറിയിട്ടില്ല.
എന്റെ അച്ഛന്‍ ഒരു ഡോക്ടറാണ്. എന്നെയും അനിയനെയും പഠിപ്പിച്ചു നല്ല നിലയിലാക്കി എന്നതിനപ്പുറം കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല . ഞാനും, എന്റെ അനുജനും, ഗുരുത്തം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും വലിയ കുഴപ്പമില്ലാത്ത നിലകളിലെത്തി. എന്നിട്ടും, അച്ഛന്‍ ഇപ്പോഴും വീട്ടില്‍ നിന്നും ഇരുപത്തി ആറ് കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ആശുപത്രിയില്‍ ഒരു അനസ്തെടിസ്റ്റ് ആയി ജോലി നോക്കുന്നു. വളരെ ലളിത ജീവിതം നയിക്കുന്ന അച്ഛന്‍ ഇന്നും ഒരു പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്താണ് ആശുപത്രിയിലേക്ക് പോകാറ്. ഞങ്ങള്‍ രണ്ട് പേരും ഒരു വിധം നല്ല നിലയിലായ സ്ഥിതിക്ക് ഇനി അച്ഛനെന്തിനാ ബസ്സിലൊക്കെ കയറി കഷ്ടപ്പെട്ട് യാത്ര ചെയ്തു പോകുന്നത് എന്ന് പലവട്ടം ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒരു പക്ഷെ അതൊക്കെ ഒരു ആര്‍ഭാടമാകും എന്നായിരിക്കും അച്ചനിന്നും വിശ്വസിക്കുന്നത്. :( എന്നും രാവിലെ ബസ് സ്റ്റോപ്പ് വരെ നടന്നു ഇരുപത്തിയാറു കിലോമീറ്റര്‍ ബസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന അറുപത്തിയൊന്നുകാരനായ അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും ഒരു വല്ലാത്ത പിടച്ചില്‍ ഉണ്ടാക്കുന്നു.
സഹയാത്രികനായ ആ മനുഷ്യന്‍ ഒന്ന് വീണപ്പോള്‍ മനസ്സില്‍ ഉണ്ടായ പിടച്ചിലിനും കാരണം മറ്റൊന്നല്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് ഉള്ളം കൈയ്യിലേക്ക് നോക്കുന്നുണ്ട്. പൊടിയൊക്കെ തട്ടി കളയുന്നു. ഒരു പക്ഷെ ടാറിട്ട റോഡില്‍ ഉരഞ്ഞ് കൈ ചെറുതായി മുറിഞ്ഞിരിക്കും. "Are you ok?" എന്ന് ചോദിക്കണമെന്ന് പലവട്ടം മനസ്സ് പറഞ്ഞിട്ടും എന്ത് കൊണ്ടോ കഴിഞ്ഞില്ല. :( ഞാന്‍ മാത്രമാണ് അയാളെ ശ്രദ്ധിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ഫോര്‍മല്‍ ഷര്ട്ട്സും , ട്രൌസേര്‍സും ധരിച്ച മറ്റുള്ളവരെ പോലെ ശ്വാസം പിടിച്ചടക്കി കണ്ണുകള്‍ ഞാനും ആ മനുഷ്യനില്‍ നിന്നെടുത്തു മാറ്റി. വലിയ ഗ്ലാസ് ജനാലകളിലൂടെ പുറത്തേക്കു നോക്കിയിരുന്നു. മുകളില്‍ നിന്നടിക്കുന്ന എ. സി. യുടെ കാറ്റ് എന്റെ തലമുടികളെ അലോസരപ്പെടുത്തി. ഷേപ്പ് ചെയ്തു, നെയില്‍ പോളിഷ് ചെയ്ത നഖങ്ങള്‍ കൊണ്ട് മുടിയിഴകളെ ഒതുക്കി വച്ചപ്പോള്‍ അച്ഛന്‍ സമ്മാനിച്ച ലാളിത്യം എന്നിലുണ്ടായിരുന്നില്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചു - "നിനക്കെന്തു പറ്റി"?
15 comments:
അപ്പൂപ്പന്‍താടികളില്‍ ഇടണോ ഇവിടെ ഇടണോ എന്നാണു ഈ പോസ്റ്റ് മനസ്സില്‍ രൂപം കൊണ്ടപ്പോള്‍ ആദ്യം ചിന്തിച്ചത്. അപ്പൂപ്പന്‍താടികള്‍ എഴുതി തുടങ്ങിയപ്പോള്‍ എന്റെ ചെറു കഥകളുടെ ഒരു storage space ആക്കാം എന്നാണു കരുതിയത്. സ്വയം പുച്ഛം തോന്നിയ ഒരു നിമിഷത്തിനെ കുറിച്ചെഴുതിയ ഈ പോസ്റ്റിനു അപ്പൂപ്പന്‍ താടികളില്‍ കിടക്കാന്‍ അര്‍ഹതയില്ലാ എന്ന് തോന്നി.
സ്വയം പുച്ഛം തോന്നേണ്ട കാര്യം ഒന്നുമില്ല. ഒരു തിരിച്ചറിവുണ്ടായല്ലോ, അത് തന്നെ വലിയ കാര്യമാണ്. ഒരുപക്ഷെ, അദ്ദേഹത്തിന് പരിക്കെന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ തീര്‍ച്ചയായും സഹായിച്ചേനേ.
പ്യാരി പറഞ്ഞതു പോലെ, ആ ബസ്സില്‍ ഉണ്ടായിരുന്നത് വൈറ്റ് കോളര്‍ പ്രൊഫഷണലുകള്‍ ആയിരുന്നത് കൊണ്ട്, അറിയാതെ തന്നെ, നമ്മുടെ ഉള്ളില്‍ ഉണ്ടായ ഒരു ഈഗോ തന്നെയാണ്. ഒരു പക്ഷെ, ഇപ്പോഴും ബസ്സില്‍ യാത്രചെയ്യുന്ന അച്ഛനെക്കുറിച്ച് ഓര്‍ത്തതുകൊണ്ടാവണം കുറ്റബോധം തോന്നുന്നത്. ഈ തോന്നല്‍ തന്നെ നല്ല പ്രായശ്ചിത്തം....നന്ദി, ആശംസകള്‍....
തിരക്കുകള്‍ക്കിടയില്‍ മറ്റുള്ളവരുടെ വേദനകളിലും സങ്കടങ്ങളിലും പങ്കുചേരാന്‍ നമുക്ക് എവിടെ സമയം...!! ഒരുനാള്‍ നമ്മുടെ അവസ്ഥയും അതുപോലെ ആയാള്‍... അനന്ന് തിരിച്ചറിവ് ലഭിച്ചിട്ട് എന്തു കാര്യം...
എവിടെപ്പോയി ആ ലാളിത്യം ?
മറ്റുള്ളവരോടൊക്കെ പുഞ്ചിരിയോടെയുള്ള ഒരു ക്ഷേമാന്വേഷണം നമ്മളെല്ലാം ഇപ്പോൾ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുകയാണല്ലോ..അല്ലേ പ്യാരി ?
നന്നായിട്ടുണ്ട് കേട്ടൊ ഈ കുറിപ്പുകൾ..
ഒപ്പം....
വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ
നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും
സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ
; ഒരാള്‍ക്കും വേണ്ട
വിഷുവൊരു
പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ
"കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം
കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
മലയാളിയുടെ കാപട്യ മനോഭാവം നിഴലിക്കുന്ന ബസ്സ് യാത്രക്കാരും സഹതാപ മനസ്സുള്ള യാത്രക്കാരിയും.
കുറിപ്പ് ഇഷ്ടപ്പെട്ടു.
എന്ത് കൊണ്ടാണ് അയാളോട് Are you OK ? എന്ന് ചോദിക്കാതിരുന്നത് --- എന്ന കാര്യം വീട്ടില്‍ എത്തിയിട്ടും ചിന്തിച്ചു നോക്കണമായിരുന്നു.
the yuppies, who are churned out from the professional colleges, normally ( I repeat, normally ) do not have a face of social commitment.
ഞാന്‍ എന്റെ ഭാര്യ, എന്റെ മക്കള്‍, എന്റെ ജ്വല്ലറി , എന്റെ ബാങ്ക് ബാലന്‍സ് , എന്റെ ബൈക്ക് , എന്റെ കാര്‍, എന്റെ ഫാസ്റ്റ് ഫുഡ് - - - - - ഇതല്ലാതെ എന്താണ് ജീവിത വീക്ഷണം..
What do you ( the so-called English speaking technologists ) discuss, when you get some free time. The result may be shocking
എന്നാലും ഇത്രയും നല്ല അച്ഛന്റെ മോളാകാന്‍ ഭാഗ്യം കിട്ടിയിട്ടും വീണ ആളിനോട് ഒരു കുശലം ചോദിക്കാതിരുന്നത് കഷ്ടമായി. ചിലപ്പേള്‍ നമ്മുടെ ഒരു വാക്ക, ചിരി,. അതൊക്കെ എത്ര വലിയ impact ഉണ്ടാക്കുമെന്നറിയുമോ. ചില സമയം ചെയ്യേണ്ടതെന്തെന്ന് വ്യക്തമായി അറിയുമ്പോഴും എന്തോ സങ്കോചം നമുക്കുണ്ടാകും. അത്തരം ഒന്നായിരിക്കാം പ്യാരിയെ പുറകോട്ടു വലിച്ചത്.എനിക്കും സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ബസ്സിലെ കണ്ടക്ടറെ കുറേ പയ്യന്‍മാര്‍ എന്തോ പൂര്‍വ്വ വൈരാഗ്യം വച്ച് കോളറിനു പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാന്‍ അറിയാതെ സീറ്റില്‍ നിന്ന് എണീറ്റ് അരുതേ അരുതേ എന്ന് പറഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് അവര്‍ പോയി. അപ്പോഴാണ് ഞാന്‍ ശ3ദ്ധിച്ചത് ഒരു കാഴ്ച്ചവസ്തുവെ എന്ന പോലെ സീറ്റില്‍ ഇരുന്ന എല്ലാവരും എന്നെ നോക്കുന്നു.പ്രതികരിക്കാതെ കൂളായി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നിരുന്നവരില്‍ മീശയുള്ളവരും ഉണ്ടായിരുന്നു...........
- Maithreyi
താങ്കളുടെ അച്ഛനും, പോസ്റ്റില്‍ സൂചിപ്പിച്ച വ്യക്തിയുമൊക്കെ യഥാര്‍ത്ഥത്തില്‍ അറിഞ്ഞോ അറിയാതെയോ ഭാവിതലമുറക്ക് സുഖകരമായി ജീവിക്കാനായ പരിസ്ഥിതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ക്ക് അഭിവാദനങ്ങള്‍.
ഭൂമിക്ക് നമ്മുടെ ആര്‍ഭാടം സഹിക്കാനാവില്ല. അതിന്റെ പ്രതികരണം സഹിക്കേണ്ടിവരുന്നത് ഭാവിയിലെ കുട്ടികളാണ്. പരസ്യക്കാരനേയും സിനിമാക്കാരേയുമുമൊക്കെ അനുകരിച്ചുള്ള മനുഷ്യന്റെ ജീവിതം നാശത്തിലേക്കാണ്. This is the age of consequence.
ആ അപ്പൂപ്പനോട് ഒന്നും തിരക്കാതിരുന്നത് ശരിയായില്ല.
ഒരു പക്ഷെ മനസ്സ് എങ്ങോട്ടോ പോയതായിരിക്കാം.
അനുഭവം വളരെ ഹൃദ്യമായി വിവരിച്ചെങ്കിലും ഒരു അപൂര്‍ണ്ണത ഉണ്ടോ എന്ന് തോന്നായ്കയില്ല.
+ ഏതായാലും ഇപ്പോ സമയം കുറേ ഉണ്ടല്ലോ.. എഴുതൂ വയനാടന്‍ സ്പെഷലും.
നിറയെ സ്നേഹത്തോടെ
എന്റെ പുന്നാര മോള്‍ക്ക്
ഉണ്ണി അങ്കിള്‍
That was lovely and extremely touching! Yes; indeed we are all spoiled, u agree it or not... that is the truth, sadly...
Wonderfully written!
There is a beautiful incident in the life of Swami Vivekananda. Once while passing by a village, he was invited by a villager to take rest and have a smoke from his Hukka. Swamiji refused and went ahead. After reaching some distance, he started introspecting as to why he didn't accept that villager's offer. He wondered whether it was because that man was not clean or was it because he was from a lower cast. The moment he felt this, he decided to give a blow to that false ego of himself. He walked back all the way, sat near that poor man and asked him to fill a hukka for him. Enjoyed few puffs, thanked him and left.
We need to remember one thing... wherever we are...we are all Indians. Descendants of people like Swami Vivekananda. We are not Europeans. We have a great culture of our own !
ഇത് ഇവിടെ എഴുതാൻ തോന്നിയല്ലോ.
"നിനക്കെന്തു പറ്റി"? എന്നു സ്വയം ചോദിക്കാനും!
അത്രയും നല്ലത്.
ആ നല്ല മനസ്സിനെ നമിക്കുന്നു.
ഇതു പോലെയുള്ള അനുഭവം എനിക്കും പരിചിതമാണു.ചില സമയത്ത് ഒരു വാക്കെങ്കിലും ആശ്വാസമായി ചോദിക്കണമെന്നു കരുതിയാലും, വ്യക്തമായറിയാത്ത സങ്കോചത്തിന്റെ പിടിയില്‍ കുരുങ്ങിപ്പോവുന്നയവസ്ഥ.അത് തിരിച്ചറിഞ്ഞ് എന്തു പറ്റിയെന്നു സ്വയം ചോദിക്കാനുള്ള മനസ്സുണ്ടാവുന്നത് ചെറിയ കാര്യമല്ല..
മനുഷ്യത്വം,ദയ,സ്നേഹം,സഹാനുഭൂതി,സഹിഷ്ണുത തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍നിഘണ്ടു നോക്കേണ്ടിവരുന്ന ഒരുതലമുറയാണോ വരാനിരിക്കുന്നത്? "നമുക്കെന്തുപറ്റി?" എന്നു നാം സ്വയം ചോദിക്കേണ്ട സമയമായി.
പ്യാരിയുടെ പോസ്റ്റ് ചിന്തോദ്ദീപകമായിരുന്നു.നന്ദി.
ചോദിക്കാതിരുന്നത് ഈ കുറിപ്പെഴുതാന്‍ പിന്നെ ഞങ്ങള്‍ക്കൊക്കെ അതുവായിക്കാന്‍ കാരണമായില്ലേ ..
സാരമില്ല ... ആ അപ്പച്ചന് ഒന്നും പറ്റിയിട്ടുണ്ടാവില്ല ...
Post a Comment