Thursday, August 11, 2011

cold storage

നഗരത്തില്‍ അറിയപ്പെടുന്ന ഒരു cold storage ആണ് "frostees".
മീനും മാംസവും ഫ്രോസന്‍ ആയി കിട്ടുന്ന ഈ കടയുടെ പരസ്യ വാചകം ഇങ്ങനെ.
"Frostees... Food at its freshest".
കാലം പോകുന്ന ഒരു പോക്കേ ... cold storage കടകളിലാണത്രേ ഇപ്പോള്‍ ഏറ്റവും ഫ്രഷ്‌ ആയ ഫുഡ്‌ ലഭിക്കുന്നത്!  

Monday, July 11, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ????

ഓര്‍ക്കുട്ട് , ഫേസ്ബുക്ക്‌  ഇനി ഗൂഗിള്‍ പ്ലസ്സും!

പഴയ സുഹൃത്ത്‌ സഖിയെ ഓര്‍ക്കുട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ ആഹ്ലാദം തോന്നി. സ്ക്രാപ്പ് ചെയ്തു.

ഫേസ് ബുക്കില്‍ ഔപചാരികതയുടെ പുറത്ത് "ആഡ്" ചെയ്തു.

ഗൂഗിള്‍ പ്ലസ്സില്‍ സഖിക്ക് ക്ഷണവും നല്‍കി.

ഒടുവില്‍ സഖിയെ ഇന്നലെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോള്‍ വിഷയ ദാരിദ്ര്യം! ഒന്നും പറയാനുണ്ടായിരുന്നില്ല! തിരക്കഭിനയിച്ച്  എത്രയും വേഗം സംഭാഷണം നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്നത്‌ ഞാനറിഞ്ഞു!

Friday, July 1, 2011

നിങ്ങളെന്നെ ഫെമിനിസ്റ്റ് ആക്കല്ലേ...

സന്ദര്‍ഭം : ടി. വി.യില്‍ ഒരു പരിപാടി . അതിലെ അതിഥി ഒരു എഴുത്തുകാരി . യാത്രാ വിവരണങ്ങള്‍ എഴുതുന്ന ഒരു ഭര്‍ത്താവ് മരിച്ച സ്ത്രീയാണ് അവര്‍ .
പ്രേക്ഷകന്‍ : കണ്ടില്ലേ, ഭര്‍ത്താവ് മരിച്ചപ്പോള്‍ ജീവിതം ആഘോഷിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാ ..

Tuesday, June 28, 2011

അതീവ രഹസ്യം!

തീയ്യതി: ജൂണ്‍ 27:
ഏഷ്യാനെറ്റ്‌ ന്യൂസ്‌: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍, രഹസ്യ അറകള്‍ തുറന്നു പരിശോധിക്കുന്നു.
പരിശോധന അതീവ രഹസ്യ സ്വഭാവത്തോടെ!


തീയ്യതി: ജൂണ്‍ 28:
ഏഷ്യാനെറ്റ്‌ ന്യൂസ്: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍, രഹസ്യ അറകള്‍ തുറന്നുള്ള പരിശോധന തുടരുന്നു. കണ്ടു കിട്ടിയത് അമൂല്ല്യ രത്നങ്ങള്‍ ആഭരണങ്ങള്‍ !!!

Wednesday, January 26, 2011

ഞാന്‍ തന്നെ ഹേതു

രണ്ടു ദിവസം മുമ്പ് വന്ന ഒരു എസ്. എം. എസ്. ആണ് ഈ പോസ്റ്റിനുള്ള ആധാരം. ആ എസ്. എം. എസ്. ഇങ്ങനെ വായിക്കാം:
“For the first time in history of mankind, NEEDS, COMFORTS AND LUXURIES are being sold at the same price – onion @Rs.65, Petrol @ Rs.65 and Beer @ Rs.65

മാറി വരുന്ന സാമ്പത്തിക വ്യവസ്ഥകള്‍ അവിടെ നില്‍ക്കട്ടെ. അതിനെ കുറിച്ചൊന്നും പറയാന്‍ എനിക്കറിയില്ല. പക്ഷെ, ഒന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് – ഞാനും, എന്റെ മാന്യ സുഹൃത്തുക്കളും അടങ്ങിയ ഈ സമൂഹം ഒരു പരിധി വരെ സാധാരണ ജനം ചൂഷണം ചെയ്യപ്പെടുന്നതിനുത്തരവാദികളല്ലേ? എന്റെ സ്വന്തം ജീവിതത്തില്‍ നിന്നോ, എന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നിന്നോ കടം കൊണ്ട ചില സന്ദര്‍ഭങ്ങള്‍ ഞാനിവിടെ കുറിച്ചിടുകയാണ്. പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ സ്വന്തം ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ ശ്രദ്ധിച്ചു കാണാം..

രംഗം 1:
പശ്ചാത്തലം: സ്ഥിരം പച്ചക്കറി വാങ്ങുന്ന പച്ചക്കറിക്കട.
ഒരു പച്ചക്കറിയുടെയോ, പഴ വര്‍ഗ്ഗത്തിന്റെയോ വില എവിടെയും എഴുതി വച്ചിട്ടില്ല. വീട്ടിലേക്കു സ്ഥിരം പച്ചക്കറി വാങ്ങിക്കുന്നത് എന്റെ കേട്ട്യോനാണ്. ഈ ദിവസം ഞാന്‍ കൂടെ പോയി എന്ന് മാത്രം. അത് കൊണ്ട് തന്നെ, അത് വേണോ, ഇത് വേണോ എന്നതിന് ങാ.. ങീ.. എന്ന് മറുപടി പറയുന്നതല്ലാതെ കാര്യമായി ഞാനൊന്നും ചെയ്യുന്നില്ല. ചുറ്റുമുള്ളവരെ വായി നോക്കി നില്‍ക്കുന്നതല്ലാതെ. സാധനങ്ങള്‍ വാങ്ങിയ ശേഷം, അണ്ണന്‍ (എന്റെ കേട്ട്യോനെ ഞാന്‍ അങ്ങനെയാണ് "സ്നേഹത്തോടെ"(?) വിളിക്കുന്നത്‌) കടക്കാരന് ഒരു നോട്ടെടുത്ത് കൊടുക്കുന്നു. കടക്കാരന്‍ ബാക്കി കൊടുക്കുന്നു. എത്രയായി എന്ന ചോദ്യമോ ബില്ലോ ഒന്നുമില്ല. സാമാന്യം തിരക്കുള്ള കടയില്‍ മറ്റുള്ളവരുടെ വായില്‍ നോക്കി നിന്നത് കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി – എല്ലാവരും ഇങ്ങനെ തന്നെ. ആര്‍ക്കും വിലയറിയേണ്ട!

പച്ചക്കറികളുമായി തിരികെ നടക്കുമ്പോള്‍ ഞാന്‍ അണ്ണനോട് ചോദിച്ചു, “അണ്ണോ ഈ സാധങ്ങളുടെ വിലയൊക്കെ നമ്മള്‍ ചോദിച്ചില്ലെങ്കില്‍ അയാള്‍ നമ്മളെ പറ്റിക്കില്ലേ?”

അണ്ണന്‍: “നമ്മള്‍ അയാളുടെ സ്ഥിരം കസ്റ്റമര്‍ അല്ലെ? അയാള്‍ അങ്ങനെ ചെയ്യില്ല”.
ഞാന്‍: “ഹ്മം.. സ്ഥിരമായത് കൊണ്ട് തന്നെ അയാള്‍ക്ക്‌ അറിയാം അണ്ണന്‍ വിലയൊന്നും ചോദിക്കില്ലാന്നു. അതോണ്ട് തന്നെ അണ്ണനെ അയാള് മുതലെടുക്കും, അണ്ണാ..”
അണ്ണന്‍: “അയാള് എന്നെ പറ്റിച്ചാല്‍ അയാള്‍ക്കുള്ളത് ദൈവം കൊടുക്കും”
ഞാന്‍: “ങേ”?? (ഇതെന്തു ലോജിക്കാ...” (മനസ്സില്‍)

കൂടുതല്‍ കുടുംബ കലഹത്തിന്റെ വിശേഷങ്ങള്‍ ഇതൊരു ബ്ലോഗ്‌ ആയത് കൊണ്ട് ഇവിടെ എഴുതുന്നില്ല. ഒരു ഉത്തമ ഭാര്യയായി എന്നെ സങ്കല്‍പ്പിച്ചു ഞാന്‍ മൌനം പാലിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കൂ..



രംഗം 2:
പശ്ചാത്തലം: പഴയ പച്ചക്കറി കട തന്നെ:
അണ്ണന്‍ രണ്ടു സാധങ്ങള്‍ മാത്രമാണ് അന്ന് വാങ്ങിച്ചത്. കടയിലെ കടക്കാരന്റെ ഭാര്യയാണ് ഇന്ന് രംഗ പ്രവേശനം നടത്തിയത്. വിടര്‍ന്ന ചിരിയോടെ സാധങ്ങള്‍ എന്റെ കയ്യില്‍ ആ സ്ത്രീ വച്ച് തന്നു. അണ്ണന്‍ കൊടുത്ത കാശിന്റെ ബാക്കി അണ്ണന്റെ കയ്യിലും കൊടുത്തു.
അണ്ണന്‍: “പോവാം” (കാശോന്നെണ്ണി നോക്കുക പോലും ചെയ്യാതെ പോക്കെറ്റിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു.
പത്തിന്റെ രണ്ടു നോട്ടുകളാണ് അവര്‍ കൊടുത്തതെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഞാന്‍: “ഒരു മിനുട്ട് നിക്കൂ.. അണ്ണാ..”
ഞാന്‍: “എത്രയായി” എന്റെ മുഖത്തെ പുഞ്ചിരി വിടാതെ തന്നെ കടക്കാരിയോടു അവരുടെ ഭാഷയില്‍ ചോദിച്ചു.
കടക്കാരി: “എഴുപതു”.
ഞാന്‍: ബാക്കി തന്നത്, ഇരുപതു ആണല്ലോ?
കടക്കാരി: “ഓ.. ആണോ? തെറ്റിപ്പോയതാ കേട്ടോ”. എന്നിട്ടും കള്ളത്തരം പിടിക്കപ്പെട്ടതിന്റെ യാതൊരു ഭാവമാറ്റവും ആ മുഖത്ത് പ്രകടിപ്പിക്കാതെ അവര്‍ പറഞ്ഞു.

കടയില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ അണ്ണനോട് ചോദിച്ചു – “അണ്ണാ.. കണ്ടോ? ഇപ്പോള്‍ മനസ്സിലായോ. അവര്‍ അണ്ണനെ പറ്റിക്കുന്നുണ്ടെന്നു"?
അണ്ണന്‍: മണ്ടീ.. അവര്‍ക്കിന്നു ശരിക്കും തെറ്റ് പറ്റിയതായിരിക്കും. സാധാരണ ആരെങ്കിലും എന്നെ പറ്റിക്കുമെന്ന് തോന്നിയാല്‍ എന്റെ മനസ്സ് പറയും, “ദേ ഇയാള് നിന്നെ പറ്റിക്കാന്‍ പോകുകയാണെന്ന്. ദൈവം എനിക്കങ്ങനെ ഒരു കഴിവ് തന്നിട്ടുണ്ട് അത് കൊണ്ട് ആര്‍ക്കും എന്നെ പറ്റിക്കാന്‍ പറ്റില്ല.”!!!!
ഞാന്‍: “ഹ്മം.. “
അണ്ണന്‍: പറ്റിച്ചാല്‍ അയാള്‍ക്കുള്ളത് ദൈവം കൊടുക്കും.
ഞാന്‍: ഓ..... എനിക്ക് പ്രാന്തായീ...

രംഗം 3:
രംഗം രണ്ടിലെ കടയിലെ ഭാഗം ഒരിക്കല്‍ കൂടി മറ്റൊരു ദിവസം ആവര്‍ത്തിക്കപ്പെട്ടു.!!!!!


ഇനി എന്റെ അണ്ണന്റെ ഭാഗത്ത് നിന്ന്‌ ഒരല്‍പം ന്യായീകരണം:
അണ്ണന് പറയാന്‍ ന്യായീകരനങ്ങളുണ്ട്: “Time is money” എന്ന ലൈഫ് സ്റ്റൈല്‍ ആണ് പലപ്പോഴും ഞങ്ങള്‍ക്ക് അണ്ണന്റെ ന്യായീകരണം മനസ്സിലാകും. ഞങ്ങളുടെ ജീവിത രീതിയില്‍ പച്ചക്കറിയുടെ വില റിസര്‍ച്ച് ചെയ്തു നോക്കി സാധനം വാങ്ങിക്കുന്നത് നടപ്പുള്ള കാര്യമല്ല എന്ന് അണ്ണന്‍ പറയുന്നത് സത്യമാണ്: അതെന്തോ ആകട്ടെ.

എന്ത് ന്യായീകരണം പറഞ്ഞാലും ഇത്തരം അശ്രദ്ധമായ കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ സ്വഭാവമാകുമ്പോള്‍ സമൂഹത്തിലെ മറ്റുള്ളവരെയും ഇവ ബാധിക്കുന്നു എന്നത് ശരിയല്ലേ?

Tuesday, January 18, 2011

കരയിലെക്കൊരു കടല്‍ ദൂരം.

മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ പോയത് രണ്ടാഴ്ച മുമ്പാണ്. എല്‍സമ്മയെയും, പ്രാഞ്ചിയേട്ടനെയും കണ്ട ശേഷം "ഇലക്ട്ര" യെ കുറെ കാത്തിരുന്നു. ഈ നഗരത്തില്‍ "ഇലക്ട്ര" വരാത്തതോ, ഞാന്‍ അറിയാതെ പോയതോ എന്നറിയില്ല. എന്തായാലും കാണാന്‍ പറ്റിയില്ല. പകരം, പേര് കൊണ്ടും ട്രേയിലര്‍ കൊണ്ടും "കരയിലെക്കൊരു കടല്‍ ദൂരം" എന്നെ ആകര്‍ഷിച്ചു. "മേരിക്കുണ്ടൊരു കുഞ്ഞാട്" പ്രദര്‍ശനത്തിനെത്തിയ അതേ സമയത്തായിരുന്നു കരയിലെക്കൊരു കടല്‍ ദൂരവും ഈ നഗരത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ട്രേയിലര്‍ കണ്ടാല്‍ തന്നെ എനിക്കിഷ്ടപ്പെടുന്ന പടമാണോ എന്ന് മനസ്സിലാക്കാനുള്ള ഒരു കഴിവുണ്ടെന്ന് ഞാന്‍ ഇത്രയും കാലം സ്വയം അഹങ്കരിച്ചിരുന്നു. ഭാഗ്യത്തിന് ട്രെയിലെര്‍ കണ്ടപ്പോള്‍ മനസ്സിലായി സീരിയസ് സിനിമകളെ (ബുദ്ധി ജീവി സിനിമകളെ അല്ല) ഇഷ്ടപ്പെടുന്ന എനിക്ക് ഇത് ഇഷ്ടപ്പെടും, പക്ഷെ, എന്റെ മറുപകുതിക്കു ഇത് കണ്ടിരിക്കാനാവില്ലാ എന്ന്. അങ്ങനെയാണ് മേരിയെ കാണാന്‍ ഇറങ്ങി തിരിച്ചത്.

നഗരത്തിലെ ടിക്കറ്റ്‌ ചാര്‍ജുകള്‍ ഒന്നിന് ഇരുന്നൂറും, ഇരുന്നൂറ്റമ്പതും കടക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് വല്ല്യ ഒരു ആശ്വാസമാണ് അടുത്തുള്ള ഒരു ആംഫി തീയെറ്റര്‍ - ടിക്കെറ്റൊന്നിനു പതിനഞ്ചു രൂപ. ഹാവൂ എന്തൊരു പൊട്ട സിനിമ അവിടെ കണ്ടാലും സാധാരണ ഗതിയില്‍ ഒരു മനോവിഷമവും ഉണ്ടാവാറില്ല! "കരയിലെക്കൊരു കടല്‍ ദൂരം" പക്ഷെ എന്റെ പല വിശ്വാസങ്ങളെയും തെറ്റിച്ചു. ട്രേയിലര്‍ എന്നാല്‍ വെറുമൊരു മാര്‍ക്കെറ്റിംഗ് തന്ത്രം മാത്രമാണ്! അത് വച്ചു ഒരു സിനിമയെ വിലയിരുത്താന്‍ കഴിയുമെന്ന വിചാരം തെറ്റാണ്! ഇത്തവണ പഠിച്ച ആദ്യത്തെ പാഠം! ഫ്രീ ആയി കണ്ടാലും ഒരു തല്ലിപ്പൊളി സിനിമ മുഴുവന്‍ കണ്ടിരിക്കാനുള്ള ക്ഷമ ഇനി എനിക്കില്ല എന്ന രണ്ടാമത്തെ പാഠവും ഈ സിനിമയാണ് എനിക്ക് മനസ്സിലാക്കി തന്നത്!

"അന്ന് 'കുഞ്ഞാടിന്' പകരം ഇതെങ്ങാനും നീ എന്നെ ഇരുന്നൂറ്റിയമ്പത് അമ്പതു രൂപേടെ ടിക്കറ്റില്‍ കാണിച്ചിരുന്നെങ്കില്‍ - ഹും... അപ്പോള്‍ കാണാമായിരുന്നു" എന്ന കെട്ട്യോന്റെ കളിയാക്കലിനോട് ഒരു വിഡ്ഢിച്ചിരിയോടെ മാത്രമേ പ്രതികരിക്കാന്‍ എനിക്ക് കഴിഞ്ഞുള്ളു..

ഒരു പാട് ഡോക്ക്യുമെന്‍ററികള്‍ സ്വന്തം പേരില്‍ കുറിച്ചിട്ട സജി മങ്കര ഈ ചിത്രം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു അദ്ദേഹത്തിനെങ്കിലും മനസ്സിലായിട്ടുണ്ടോ എന്ന് സംശയം! സിനിമയിലെ രണ്ട് മൂന്നു കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്. പ്രേക്ഷകരെ ഇടവേള കഴിഞ്ഞും സീറ്റില്‍ ഇരുത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ അത് തന്നെയാവണം.
ഒന്ന്: സിനിമയുടെ തുടക്കം - ഒരു കൊച്ചു ബാലന് തറവാട്ടു ദേവി നല്ല നാളെയെ കാണിച്ചു കൊടുക്കുന്ന ഒരു രംഗത്തിന്റെ ചിത്രീകരണം - ലക്ഷ്മി ശര്‍മ്മയാണ് ദേവിയായി എത്തുന്നത്‌.
രണ്ട്: പലതവണ കണ്ടതെങ്കിലും, ഒരു പഴയ കാല കോളേജ് പ്രണയം ഒരു കവിത പോലെ അവതരിപ്പിച്ചിരിക്കുന്ന രീതി. ഇന്ദ്രനും, ധന്യ മേരിയും പഴയ കാല പ്രണയത്തെ തീര്‍ച്ചയായും നന്നായി തന്നെ അവതരിപ്പിച്ചു.
മൂന്നു: ഇടവേളയ്ക്കു തൊട്ടു മുന്‍പിലെ സസ്പെന്‍സ്! (അനാവശ്യമെങ്കിലും, അര്‍ത്ഥമില്ലാത്തതെങ്കിലും!)

മംതാ മോഹന്‍ദാസ്‌ ഇന്നും "മയൂഖം" സിനിമയില്‍ നിന്നു ഒട്ടും വളര്‍ന്നിട്ടില്ല. മലയാളത്തിന്റെ ശാപമാണ് ഇത്തരം നടിമാര്‍ എന്ന് തോന്നുന്നു. പാസ്സെഞ്ചര്‍ പോലുള്ള കഥാ പാത്രങ്ങള്‍ ഭംഗിയായി ചെയ്യാന്‍ മാത്രമേ മംതക്ക് ഇന്നും കഴിവുള്ളൂ. തീരെ വേര്‍സാറ്റൈല്‍ അല്ലാത്ത ഒരു നടിയാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പോലെ. അല്ലെങ്കിലും ഒരു ക്ലാസിക്കല്‍ നര്‍ത്തകിയുടെ വേഷത്തിലേക്ക് മംതയെ കാസറ്റ്‌ ചെയ്തവരെ പറഞ്ഞാല്‍ മതിയല്ലോ. ഒരു പാവ കളി പോലെയാണ് ആദ്യത്തെ തന്റെ സീനില്‍ മംത ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുന്നത്‌! മെട്രോ നഗരത്തില്‍ വളര്‍ന്ന മലയാളി എന്നൊരു കാരണം മാത്രം പറഞ്ഞ്‌ മംതയുടെ ഡയലോഗ് ഡെലിവറിയെ ഇനിയും മലയാളി സഹിക്കണോ? മറ്റൊരാളെ വച്ചു മംത ഡബ് ചെയ്യിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോഡേണ്‍ കഥാപാത്രങ്ങള്‍ക്ക് തനിമയോടെ ഡബ് ചെയ്യാന്‍ കഴിവുള്ള ഏതെങ്കിലും ആര്‍ടിസ്റ്റ് ഇന്ന് മലയാളത്തിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സിനിമയിലെ പല സംഭവങ്ങളും മലയാളത്തില്‍ കണ്ടു പഴകിയ പ്രമേയങ്ങള്‍ തന്നെയായിരുന്നു. അതില്‍ മറ്റൊന്നാണ് എഴുത്തു കാരന്‍ അനൂപും (ഇന്ദ്രജിത്ത്) ഭാര്യയും തമ്മിലുള്ള പോരുത്തമില്ലായ്മ. "അവള്‍ക്കിത് വരെ എന്നെ മനസ്സിലായിട്ടില്ല, എനിക്ക് അവളെയും"! എത്ര തവണ മലയാളി ഇത് കേട്ടിരിക്കുന്നു. "മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല" എന്ന ഒറ്റ കാരണത്താല്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താവും! കണ്ടിട്ടും, അവതരിപ്പിച്ചിട്ടും മലയാളിക്കിനിയും മടുത്തില്ലേ ഇത്?

ഇനിയുമൊരു സംശയം - തറവാട്ടു ദേവിക്ക് ഒരു ശൃംഗാര ഭാവം - അതെന്തിനായിരുന്നോ എന്തോ?

എഴുതാന്‍ കുറവുകള്‍ മാത്രമേ ഉള്ളൂ.. ഇനി ഒന്ന് ഉപസംഹരിക്കാന്‍ ശ്രമിക്കട്ടെ. സിനിമയുടെ അവസാനം മംത മോഹന്‍ദാസിന്റെ ഒരു ഡയലോഗ് ഉണ്ട് - "അനൂ... എനിക്കൊന്നും മനസ്സിലാവുന്നില്ല" എന്ന്. ഒരു കോറസ് ആയി പ്രേക്ഷകരും അത് തന്നെ ആവര്‍ത്തിക്കുന്നത് കേട്ടു - "ഞങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല" എന്ന്. കോമഡി സിനെമയല്ലെങ്കിലും ഈ ചോരുസ്സിനു പിന്നാലെ പ്രേക്ഷകര്‍ ഒന്നടങ്കം പൊട്ടിച്ചിരിക്കുന്നത് കേട്ടു! (പതിനഞ്ചു രൂപ ടിക്കറ്റിന്റെ സിനിമ ആയതു കൊണ്ട് ഞങ്ങളെ പോലെ വേറെയും ഒരുപാട് പ്രേക്ഷകര്‍ മണ്ടന്മാരാകാന്‍ വന്നിരുന്നു.) സിനിമയെ കുറിച്ച് ഒറ്റ വാചകത്തില്‍ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ പറയും - "ആളെ വിഡ്ഢിയാക്കാനൊരു ഒരു സിനിമ". ഒരു പക്ഷെ മോഹന്‍ലാലോ മമ്മൂട്ടിയോ അഭിനയിച്ചിരുന്നെങ്കില്‍ ബുദ്ധി ജീവികള്‍ ഒരു അവാര്‍ഡും കൊടുത്തേനെ ഈ സിനിമക്ക്!

Saturday, January 8, 2011

മേരിക്കുണ്ടൊരു കുഞ്ഞാട്

മോര്‍ണിംഗ് ബെല്‍ ന്യൂസിനായി എഴുതിയത്.


മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ തീരുമാനിച്ചത് എന്റെ മറു പകുതിയുടെ അഭിരുചിക്കനുസരിച്ചാണ്. കോമഡിയും, ദിലീപും ഒക്കെ അങ്ങേരുടെ ഒരു വീക്നെസ് ആണ്.
ദിലീപ് ഷാഫി കൂട്ടുകെട്ടിന്റെതാണ് "കല്യാണ രാമന്‍ " എന്നറിഞ്ഞപ്പോള്‍ ധൈര്യമായി കാണാന്‍ തീരുമാനിച്ചു. പിന്നെ 3 പ്രാവശ്യം തീയ്യറ്ററില്‍ തന്നെ കണ്ട ചോക്ലേറ്റ് ഉം ഷാഫിയുടെ ചിത്രമായിരുന്നല്ലോ? ഷാഫിയുടെ തന്നെ ചിത്രങ്ങളായിരുന്നു പുലിവാല്‍ക്കല്ല്യാണം, വണ്‍മാന്‍ഷോ തുടങ്ങിയ ചിത്രങ്ങള്‍ എന്ന് "കുഞ്ഞാട്" കാണാന്‍ തീരുമാനിച്ചപ്പോള്‍ ഭാഗ്യത്തിന് അറിഞ്ഞിരുന്നില്ല. സ്വന്തം ചിത്രങ്ങളായ വണ്‍മാന്‍ഷോ, പുലിവാല്‍ക്കല്ല്യാണം എന്ന ചിത്രങ്ങളെക്കാള്‍ നിലവാര പുലര്‍ത്തിയതും, എന്നാല്‍ "കല്യാണ രാമന്‍ ", "ചോക്ലേറ്റ്" തുടങ്ങിയ ചിത്രങ്ങളെക്കാള്‍ നിലവാരം കുറഞ്ഞതുമായ ഒരു ചിത്രമാണ് "കുഞ്ഞാട്" എന്ന് വേണമെങ്കില്‍ പറയാം.

ഒറ്റ വാക്ക്യത്തില്‍ വിവരിച്ചാല്‍ "ഒരു (എബവ്) ആവറേജ് ടൈം പാസ്‌ കോമഡി ചിത്രം" എന്ന് വിശേഷിപ്പിക്കാം. സംവിധായകന്‍ എന്ന നിലയില്‍ തുടങ്ങിയിടത്ത് തന്നെയാണോ ഷാഫി ഇപ്പോഴും നില്‍ക്കുന്നത് എന്ന് തോന്നി. :( വിനായ പ്രസാദിനെ മണിചിത്രത്താഴിന് ശേഷം ആദ്യമായിട്ടാണ് വലിയ സ്ക്രീനില്‍ ഒരു റോളില്‍ ശ്രദ്ധിക്കുന്നത്. ദിലീപ് സൂപ്പര്‍ താര പദവി വേണ്ടെന്നു വച്ചോ? വേഷ വിധാനങ്ങളിലും, ആകാരത്തിലും ഒക്കെ ഒരു സാധാരണ ദിലീപിനെ മാത്രമാണ് ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുന്നത്‌. എങ്കിലും ദിലീപിന്റെ സ്ഥിരം നായികമാരില്‍ ഒരാളായ ഭാവന നാട്ടിന്‍ പുറത്ത്കാരിയെങ്കിലും ഒരു ഇടവക പ്രമാണിയുടെ മകള്‍ തന്നെ! ഇന്നസെന്റും, വിജയരാഘവനും, ഷാഫി ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകമായ സലിം കുമാറും തങ്ങളുടെ വേഷങ്ങളെ ശ്രദ്ധേയമാക്കി. എടുത്തു പറയേണ്ടത് ബിജു മേനോന്റെ റോള്‍ ആണ്. ഇടവേളകളില്‍ കിട്ടുന്ന റോളുകള്‍ എല്ലായിപ്പോഴത്തെയും പോലെ ആ നടന്‍ ഭംഗിയാക്കുക തന്നെ ചെയ്തു.

കണ്ട് പഴകിയ തമാശകളില്‍ നിന്നു വ്യത്യസ്തമായി പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ ഈ ചിത്രത്തിലും മിക്കവാറും ഷാഫി ചിത്രങ്ങളിലുമെന്ന പോലെ ഈ ചിത്രത്തിലുമുണ്ട്. നീട്ടിവലിച്ചു പഴയ പല്ലവി തന്നെ ചൊല്ലുന്ന ഒരു ക്ലൈമാക്സ് ബിജു മേനോന്റെ കഥാപാത്രത്തിന് നല്‍കാതെ പോയത് ഒരു നല്ല കാര്യം. ക്ലൈമാക്സ് തുടങ്ങിയത് സിനിമ അവസാനിപ്പിക്കാന്‍ വേണ്ടിയാണോ എന്ന് എപ്പോഴോ തോന്നി പോയി. എവിടെയൊക്കെയോ ഒരു മിസ്മാച്. തന്റെ സിനിമകളുടെ ഒരു സ്ഥിരം സാനിധ്യമായ സലിം കുമാറിന് അഭിനയ സാധ്യത ഉള്ള ഒരു വേഷം കൊടുക്കാന്‍ വേണ്ടിയാണോ ക്ലൈമാക്സിനു മുമ്പില്‍ ഒരു ട്രാജഡി കഥ അവതരിപ്പിച്ചതെന്നറിയില്ല. അതും പക്ഷെ അനാവശ്യമായിരുന്നു. മനസ്സില്‍ തട്ടാതെ പോയ ഒരു ട്രാജഡി സീന്‍ ആയിരുന്നു അതും!

ധൈര്യമില്ലാത്ത ഒരു നായകന്‍റെ കഥ ഇനിയും കൂടുതല്‍ നന്നാക്കാമായിരുന്നു. ഇന്നച്ചന്റെയും, വിനായ പ്രസാദിന്റെയും പഴയ കഥ പോലും അങ്ങനെ തന്നെ തോന്നിപ്പിച്ചു. പൊട്ടിച്ചിരിക്കാന്‍ സാധ്യത എന്ത് കൊണ്ടും ഉള്ള ഒരു പഴങ്കഥ തന്നെയായിരുന്നു അതും. പക്ഷെ, തീയ്യറ്ററില്‍ അധികം ചിരി ഉയര്‍ന്നു കേട്ടില്ല. എന്തായാലും, ഒരാഴ്ചക്ക് ശേഷവും ഹൌസ് ഫുള്‍ ആയി ഓടിയ ചിത്രം കൂടുതല്‍ വിശകലനങ്ങളൊന്നുമില്ലാതെ കാണാന്‍ പറ്റിയ ഒരു ചിത്രമാണ് എന്ന് പറയാമെന്നു തോന്നുന്നു.